കൊറോണക്ക് മുൻപും ശേഷവും

കൊറോണക്ക് മുൻപും ശേഷവും

എന്തെങ്കിലും എഴുതാൻ വേണ്ടി ഒന്നും എഴുതാതിരിക്കുന്നതാവും ഉത്തമം. കാരണം എഴുത്തും വരയും സംഗീതവും ഒക്കെ നമ്മുടെ മനസ്സിനുള്ളിൽ ഒരു വികാരമായി രൂപപ്പെടുമ്പോൾ ആവും അതൊക്കെ ചെയുവാൻ ആയാസ രഹിതം.
ഇനി നമുക്ക് ചില കാലിക പ്രസക്തമായ കാര്യങ്ങളിലേക്ക് കടക്കാം
നമ്മളൊക്കെ ഇപ്പൊ "പുത്തൻ നോർമൽ" എന്ന പുതിയ ജീവിത ക്രമത്തിലേക്കു നമ്മെ പറിച്ചു നട്ടു കൊണ്ടിരിക്കുകയാണല്ലോ. കൊറോണ ക്കു മുൻപും ശേഷവും എന്ന് മനുഷ്യ കുലത്തെ രണ്ടു അതിര് വരമ്പുകൾ കൊണ്ട് വിഭജിക്കപ്പെടും. നവ ലോക ക്രമം മാറും. നമ്മുടെ ജീവിത രീതി, ഇത് വരെ ശീലിച്ചു പോന്ന കാര്യങ്ങളിലെ മാറ്റങ്ങൾ, വരുമാന പുനഃക്രമീകരണങ്ങൾ തുടങ്ങി ജീവിതത്തിന്റെ സമസ്ത കോണുകളിലും മാറ്റങ്ങൾ......
എനിക്ക് ഇതിൽ തോന്നിയ ചില പ്രകടമായ മാറ്റം എന്തെന്ന് ചോദിച്ചാൽ
ഇന്ന് വരെ നമുക്ക് പരസ്പരം മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കാൻ നേരം കിട്ടിയില്ലായിരുന്നു. തിരക്കോടു തിരക്ക്...രാത്രിയെന്നോ പകലെന്നോ നോക്കാതെ നാം ഓട്ടത്തിലായിരുന്നു. അപ്പൊ പിന്നെ കുടുംബത്തിലോ പുറത്തോ ഉള്ള ആരോടും ഒന്ന് മിണ്ടാനോ കുശലാന്വേഷണം നടത്തുവാനോ എവിടെ നേരം അല്ലെ. ഇത് കണ്ടു ദൈവം നമുക്ക് നൽകിയ പുതിയ ജീവിത ക്രമമാണ് പുഞ്ചിരിക്കാത്ത മുഖങ്ങൾ. ഭൂമിയിൽ മനുഷ്യർക്കു മാത്രമായി നൽകിയ ഒരു സവിശേഷ കഴിവായിരുന്നു അത്. തമ്മിൽ കാണുമ്പോൾ ഒരു സഹജമായ പുഞ്ചിരി. ഇനിയങ്ങോട്ട് നിങ്ങൾ ചിരിച്ചാലും കാര്യമില്ല ആ ചിരി മുഖത്ത് വെച്ചിരിക്കുന്ന മാസ്കിനുള്ളിൽ കേവലം ഒരു പ്രകടമാവാത്ത വികാരമായി ഒതുക്കപ്പെടും. ആലോചിച്ചു നോക്കു. പുഞ്ചിരിക്കാത്ത മുഖങ്ങളുള്ള ഭൂമി.....ഇത് ഇന്നിന്റെ യാഥാർഥ്യമല്ലേ. അതെ പുതിയ നോര്മലിൽ ഇനി ഇതൊക്കെ ഉണ്ടാവും. പരസ്പരം കണ്ടാൽ ഒന്ന് ആലിംഗനം ചെയ്യാൻ പറ്റാത്ത മനുഷ്യർ...എന്തിനു ഒന്ന് ഹസ്ത ദാനം ചെയ്യാൻ പറ്റാത്ത അവസ്ഥ........
നമ്മൾ ഒരു യാത്ര പറഞ്ഞു പിരിയുമ്പോൾ ഉറ്റവരും ഉടയവരുമായി ഒന്ന് കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു കൊണ്ടായിരുന്നു പിരിഞ്ഞിരുന്നത്. ഇനി അതും നടപ്പില്ല. 3 മീറ്റർ ദൂരത്തു നിന്ന് കൈ വീശി കാണിക്കാനല്ലാതെ വേറെ ഒന്നും നടപ്പില്ല.
ഹാ...ഇതെന്തൊരു ദുനിയാവ് .....അല്ലെ......
മരണപ്പെട്ട ആളുകൾക്ക് വിശ്വാസപ്രമങ്ങൾ അനുസരിച്ചുള്ള കർമങ്ങൾ ചെയ്യാൻ കഴിയാതെ പേടിയോടെ മാത്രം മണ്ണിനടിയിൽ താഴ്ത്തി വെക്കാൻ വെമ്പൽ കൊള്ളുന്ന ലോകം........!
നഗ്നനേത്രം കൊണ്ട് കാണാൻ പോലുമാവാത്ത ഈ കുഞ്ഞൻ കൊറോണയെ നാം ഭയക്കുന്നു. എന്ത് കൊണ്ട്. പിടിക്കപ്പെട്ടാൽ മരണം സുനിശ്ചിതം എന്ന് പലരും നമ്മെ പറയാതെ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു. എന്നാൽ ചില യാഥാർത്യങ്ങൾ നമുക്ക് തിരസ്കരിക്കാൻ പറ്റില്ല. ലോകത്തെ കോടിക്കണക്കിനു ആളുകൾ. ദിനേന പലരും പല രീതിയിൽ രോഗം പിടിപ്പെട്ടും അപകടങ്ങളിൽ പെട്ടും ആത്മഹത്യ ചെയ്തും, അക്രമത്തിനു ഇരയായായും, യുദ്ധങ്ങളിലൂടെയും തീവ്രവാദി അക്രമണങ്ങളിലൂടെയും പ്രകൃതി ദുരന്തങ്ങളിലൂടെയും മരണത്തിനു കീഴടങ്ങുന്നു. ലോകത്തിനു ഇത് സുപരിചിതമായ യാഥാർഥ്യമല്ലേ. ഒരു ചാനലും ഇതിന്റെ എല്ലാം ദൈനംദിന കണക്കുണ്ടാക്കി ചാർട്ടുണ്ടാക്കി ലോക ഭൂപടത്തിന്റെ വലിയ സ്‌ക്രീനിൽ രാജ്യങ്ങളുടെ പേരുകൾക്ക് താഴെ കണക്കുകൾ നിരത്തുന്നില്ല, ചർച്ചകൾ സംഘടിപ്പിക്കുന്നില്ല. എന്തെ ഇത് കോറോണക്ക് മാത്രം. അതിനുത്തരം 
ചാനലുകളുടെ റേറ്റിംഗ് ഉം വ്യൂവര്ഷിപ്പും നോക്കിയാൽ മനസ്സിലാകും. പ്രൈം ടൈം ന്യൂസുകൾക്കിടയിൽ തിരുകുന്ന ബ്രേക്കുകളിൽ കാണിക്കുന്ന പരസ്യങ്ങൾക്ക് ഇവർ ഈടാക്കുന്ന ലക്ഷങ്ങളും കോടികളും അതിന്റെ കണക്കെടുപ്പ് നടത്തിയാൽ മനസ്സിലാകും. ഇവരുടെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധത എത്രത്തോളമെന്നു. അതുപോലെ നമ്മുടെ ഭരണ കർത്താക്കൾ വിളിച്ചു ചേർക്കുന്ന സായംകാല വാർത്ത സമ്മേളനങ്ങൾ. അതും ഒരു തരം പരസ്യ ഉഡായിപ്പുകൾ അല്ലെ. കേവലം ഒരു ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്വമുള്ള ഒരു സെക്രട്ടറിക്കോ വകുപ്പ് തലവനോ ഒരു പത്രക്കുറിപ്പിലൂടെ അറിയിക്കാവുന്ന കാര്യം. അതിന് പകരം മുഖ്യനും ആരോഗ്യ മന്ത്രിക്കും മാത്രം കണക്കുകൾ രഹസ്യമായി എത്തിച്ചു പുതിയ പദത്തിന്റെ റിലീസ് പോലെ സസ്പെൻസ് നില നിർത്തി പ്രഖ്യാപിക്കുന്ന രോഗ വിവര പട്ടിക. ഹോ...എന്തൊരു പ്രതിബധത....ജനക്ഷേമത്തിന്റെ ഉത്തുങ്ക നിലവാരം.....സമ്മതിക്കണം ഇവരുടെ ഈ കണക്കു അവതരണ രീതിയെ...സിനിമയിൽ ശ്രീനിവാസൻ പറഞ്ഞ പോലെ....എന്റെ തല...എന്റെ ക്ലോസ്അപ്പ്..ഇത് മാറി മാറി കാണിക്കണം. ചാനൽ മൈക്ക്ൾക് മുൻപിൽ വിനയ കൂനിതനായി മുഖ്യൻ....മുൻകോപമില്ല...കടക്കു പുറത്തു....എന്ന കല്പന ഇല്ല.....അക്ഷോഭ്യൻ....
ഈ അവതരണ മാമാങ്കം പക്ഷെ പട്ടിണിപ്പാവങ്ങളായ പ്രജകളുടെ ചെലവിലാണ് എന്ന് നമ്മളിൽ എത്ര പേർക്ക് അറിയാം. കോടികൾ ആണ് ഓരോ ദിവസത്തെയും പത്ര സമ്മേളങ്ങൾക്കു ഈ മഹാന്മാർ മുടക്കുന്നത്. അത് ചോദ്യം ചെയ്താൽ...പിന്നെ പ്രതികാര നടപടികൾ...അല്ലെങ്കിൽ അവഹേളിക്കുന്ന തരത്തിൽ രണ്ടു ഡയലോഗ്. 

ഇമ്മാതിരി എന്തെല്ലാം കളികൾ ഈ കൊറോണയുടെ കണക്കിൽ കളിക്കുന്നു. രാജ്യം മുന്നൊരുക്കങ്ങളില്ലാതെ അടച്ചു പൂട്ടിയപ്പോൾ ഒറ്റപ്പെട്ടു പോയ പാവം മനുഷ്യർ. അവർക്കു ഒരു നേരത്തെ ആഹരം വെള്ളം ഒന്നും നൽകാതെ അവരുടെ വിധിക്കു വിട്ട ഭരണകൂടമേ നിങ്ങൾ എന്തൊക്കെ ന്യായീകരങ്ങൾ നിരത്തിയാലും രക്ഷപെടാൻ പോകുന്നില്ല. 
രാജ്യത്തെ ഹൈവേ കളിലും റെയിൽ പാളങ്ങളിലും റെയിൽവേ സ്റ്റേഷനലുകളിലും മരിച്ചു വീണ പാവങ്ങൾ അവരെ നിങ്ങൾ കൊല്ലുകയായിരുന്നില്ലെ ഒരു തരത്തിൽ.....സഞ്ചാര സ്വാതന്ദ്ര്യത്തെ ഹനിച്ചു സ്വന്തം ജനതയെ നൂറു കണക്കിന് കിലോമീറ്ററുകൾ നടത്താൻ നിങ്ങൾ കാണിച്ച ധൈര്യം  ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ഒരിക്കലും മായ്ക്കാത്ത കാലത്തിന്റെ കണക്കു ബുക്കിൽ. ഇത് കൊറോണയെക്കാൾ ദുരന്തമായി മാറി കഴിഞ്ഞു. കൈ കഴുകാൻ കഴിയില്ല നിങ്ങൾക്കു ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന്.

എഴുത്തു 

മുനീർ വാഴക്കാട്  

Comments

Popular posts from this blog

പ്രവാസി മടക്കം - പ്രഹസനങ്ങളും യാഥാർഥ്യവും